Welcome to Koodai Thazhath Veedu :::Upcoming News : Theyyam thira 2012 January 28, 29 (1187 Makaram 14, 15) Saturday and Sunday. :::: Last Update 26-05-2012 ::::

Koodali Thazhath Veedu

Thursday, February 10, 2011

വേട്ടക്കൊരുമകൻ തെയ്യം - Vettakkorumakan Theyyam

ഉത്തരകേരളത്തിലെ നായർ സമുദായക്കാരുടെ തെയ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്‌ വേട്ടക്കരമകൻ തെയ്യം. ശിവദൈവാംശമുള്ള തെയ്യമാണിത്. പുരാണങ്ങളിലെ കഥാപാത്രങ്ങളും ജീവിച്ചിരുന്ന പോരാളികളും ഇഴചേർന്ന കഥകൾ തെയ്യങ്ങളുടെ പുരാവൃത്തങ്ങളിൽ കാണാം. അത്തൊരുമൊരു ഇതിവൃത്തമാണ് വേട്ടയ്ക്കൊരു മകന്റേത്. നായർ സമുദായക്കാരുടെ പ്രധാന ആരാധനാ മൂർത്തിയാണ് വേട്ടയ്ക്കൊരു മകൻ.


ഐതിഹ്യം :-

ഇഷ്ടം വരം നേടാനായി തപസ്സനുഷ്ടിച്ച അർജുനനെ പരീക്ഷിക്കുന്നതിനായി ശിവ പാർവ്വതിമാർ വേടരൂപം ധരിച്ചു. വേടരൂപം ധരിച്ച പരമശിവൻ കാമാർത്തനായി പാർവതിയെ പ്രാപിക്കുകയും അങ്ങനെ വേട്ടയ്ക്കൊരുമകൻ ജനിക്കുകയും ചെയ്തു. വേട്ടയ്ക്കൊരു മകന്റെ അമിതപ്രഭാവംകണ്ട ദേവകൾ ഭയന്ന് വേട്ടയ്ക്കൊരു മകനെ ദേവലോകത്തു നിന്നും ഭൂമിയിലേക്ക് പറഞ്ഞയക്കാൻ ആവശ്യപ്പെട്ടതിനാൽ , പരമശിവൻ അപ്രകാരം ചെയ്തു. അങ്ങനെയാണ് വേട്ടയ്ക്കൊരുമകൻ ഭൂമിയിലെത്തിയത്. ഭൂമിയിലെത്തിയ വേട്ടയ്ക്കൊരുമകൻ പലദിക്കിലും സഞ്ചരിച്ച് കുറുമ്പ്രനാട്ടിലെത്തുകയും ബാലുശ്ശേരിയിലെ പ്രസിദ്ധമായ കാറകൂറ തറവാട്ടിലെ നായർ സ്ത്രീയെ കല്യാണം കഴിച്ച് അവിടെ താമസം തുടങ്ങി. ആ ബന്ധത്തിൽ അവർക്കൊരു കുട്ടി ജനിക്കുകയും ചെയ്തു. കാറകൂറ തറവാട്ടുകാരുടെ സ്വന്തമായിരുന്ന ബാലുശ്ശേരിക്കൊട്ട കുറുമ്പ്രാതിരിമാർ അന്യായമായി കൈയ്യടക്കി വച്ചിരുന്നു. പോരാളിയായ വേട്ടയ്ക്കൊരുമകൻ ആവശ്യപ്പെട്ടപ്പോൾ കുറുമ്പ്രാതിരിമാർ കോട്ട വിട്ടുകൊടുക്കാൻ തീരുമാനിച്ചു. വേട്ടയ്ക്കൊരു മകനെ പരീക്ഷിക്കാൻ കുറുമ്പ്രാതിരി നാടുനീളെ നിരവധി തടസ്സങ്ങൾ വച്ചിരുന്നു. തന്റെ ഏഴു വയസ്സുമാത്രം പ്രായമുള്ള കുട്ടിയെയും കൂട്ടി എല്ലാ തടസ്സങ്ങളും മാറ്റി കുറുമ്പ്രാതിരിയുടെ മുന്നിലെത്തി. അവിടെ ആയിരക്കണക്കിനു തേങ്ങ കൂട്ടിയിട്ടിരിക്കുകയായിരുന്നു. കുറുമ്പ്രാതിരിയെ അത്ഭുത പരതന്ത്രനാക്കികൊണ്ടു നിമിഷങ്ങൾക്കകം ആ പിഞ്ചു പൈതൽ ഉടച്ചു തീർത്തു. ഇതോടെ കുറുമ്പ്രാതിരിക്ക് വേട്ടയ്ക്കൊരു മകന്റെ ശക്തി ബോധ്യം വരികയും പ്രത്യേക സ്ഥാനം നൽകി ആദരിക്കുകയും ചെയ്തു. ഈ സംഭവത്തെ സ്മരിച്ചു കൊണ്ട് വേട്ടയ്ക്കൊരു മകന്റെ വെള്ളാട്ടം നിരവധി നാളികേരം നിരത്തിവച്ച് ഉടയ്ക്കാറുണ്ട്. “നായരായി പുറപ്പെട്ടു, നാളികേരം തകർത്തു” എന്നാണ് തോറ്റം പാട്ടിൽ ഇതേ പറ്റി പാറ്റുന്നത്. വേട്ടയ്ക്കൊരുമകൻ ചില സ്ഥലങ്ങളിൽ വേട്ടയ്ക്കരമകൻ (പ്രത്യേകിച്ചും മദ്ധ്യകേരളത്തിൽ) എന്നും അറിയപ്പെടുന്നു.


അനുഷ്ഠാനം:-

വേട്ടയ്ക്കൊരു മകൻ നെടിയിരുപ്പു സ്വരൂപത്തിൽ ക്ഷേത്രപാലന്റെ കൂടെയും, മറ്റിടങ്ങളിൽ ഊർപ്പഴശ്ശിയുടെയും കൂടെ സഞ്ചരിച്ചു എന്നാണ് വിശ്വാസം. വേട്ടയ്ക്കൊരു മകൻ തെയ്യത്തിന്റെ കൂടെ ക്ഷേത്രപാലനും, ഊർപ്പഴശ്ശിയും കെട്ടിയാടിക്കാറുണ്ട്. വേട്ടയ്ക്കൊരുമകന്റെ അനുഷ്ഠാനങ്ങളിൽ പ്രധാനമാണ് തേങ്ങയുടയ്ക്കൽ. ഇത് പന്തീരായിരം തേങ്ങയേറെന്നാണ് അറിയപ്പെടുന്നത്.

ചില വേട്ടയ്ക്കൊരു മകന്റ് ക്ഷേത്രങ്ങളിൽ നിശ്ചിത കാലങ്ങളിൽ പാട്ടുത്സവം നടത്തി വരാറുണ്ട്. അത്തരം അവസരങ്ങളിൽ തെയ്യം‌പാടി നമ്പ്യാന്മാർ എന്നറിയപ്പെടുന്നവരാണ് ഈ ക്ഷേത്രങ്ങളിൽ പാട്ടും കളമെഴുത്തും നടത്താറുള്ളത്. തെയ്യം‌പാടി നമ്പ്യാന്മാർ ദേവഗായകവൃന്ദ പരമ്പരയിൽ പെട്ടവരാണെന്നാണ് വിശ്വാസം. കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത പുന്നാട് എന്ന പ്രദേശത്താണ് ഇവർ കൂടുതലായി താമസിച്ചു വരുന്നത്.

ക്ഷേത്രങ്ങൾ :-

കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും വേട്ടയ്ക്കൊരു മകൻ ക്ഷേത്രങ്ങൾ കണ്ടു വരുന്നുണ്ടെങ്കിലും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മാത്രമാണ് വേട്ടയ്ക്കൊരു മകൻ തെയ്യം കെട്ടിയാടുന്നത്.

0 comments:

Post a Comment

Thanks...